top of page

യഹോവയായ ഞാൻ മാറാത്തവൻ.


യഹോവയായ ഞാൻ മാറാത്തവൻ.

ജീവിത സാഹചര്യങ്ങൾ മാറിമറിയുമ്പോൾ അതിനെ യഥാർത്ഥമായി ഉൾകൊള്ളൂക എന്നത് അത്ര എളുപ്പമല്ല . നമുക്ക് ചുറ്റും നോക്കിയാൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അനവധിയാണ് . ഭരണകൂടങ്ങളുടെയും സമ്പത്ഘടനയുടെയും മാറ്റവും അതുണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളും നമ്മുക്കെല്ലാം പരിചിതമാണ്. ആകെയുണ്ടായിരുന്ന വരുമാനമാർഗമായിരുന്ന ജോലി പെട്ടെന്നൊരുനാൾ നഷ്ട്ടപെടുമ്പോൾ, നാം സ്നേഹിച്ച , നമ്മെ സ്നേഹിച്ച പ്രിയമുള്ളവർ നമ്മെ വിട്ടു പോകുമ്പോൾ, എന്തിന് , സാധാരണ ഗതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ഒരു ചെറിയ മാറ്റം ഉണ്ടായാൽ , ആഹാരക്രമത്തിലോ ദിനചര്യകളിലോ മാറ്റമുണ്ടായാൽ ഇതൊക്കെയുമായി പൊരുത്ത പ്പെടുവാൻ വളെരെയധികം ബുദ്ധിമുട്ടാണ്.

ചില മാറ്റങ്ങൾ അതി കഠിനവും വേദനാജനകവുമാണ്. എന്നിരുന്നാലും ഇങ്ങനെയുള്ള ചില മാറ്റങ്ങളിലൂടെ നാം കടന്നു പോകുണ്ടതുണ്ട് .

ബന്ധങ്ങളിൽ , താമസ സ്ഥലങ്ങളിൽ, ജോലിയിൽ , ശരീരത്തിൽ , നമ്മുടെ സ്വഭാവത്തിൽ , രൂപത്തിൽ ഏല്ലാം മാറ്റങ്ങൾ ഉണ്ടാകും. മാറ്റം എന്നത് സ്ഥിരമായ ഒരു പ്രക്രിയയാണ്.അത് നമ്മുടെ ജീവിതദൈർഖ്യം കൂടുന്നതിനനുസരിച്ചു മനസിലാക്കുവാൻ സാധിക്കുന്ന ഒരു വസ്തുതയാണ്.എവിടെ നോക്കിയാലും മാറ്റങ്ങൾ കാണാൻ കഴിയും. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അതികഠിനം ആയിരുന്നാലും , ഒരു പക്ഷെ സന്തോഷ പ്രദമായിരുന്നാലും അത് നമ്മെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് ഈ ലോക ജീവിതം ക്ഷണികവും,അസ്ഥിരവും , താല്കാലികവുമാണ് എന്ന സത്യം.

എന്നാൽ , നിത്യമായി നിലനിക്കുന്നതും ഒരിക്കലും മാറാത്തതുമായ ഒന്നുണ്ട് : ദൈവം . "യഹോവയായ ഞാൻ മാറാത്തവൻ " (മലാഖി 3:6)

സങ്കീർത്തനം 102 :27 ൽ സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു " നീയോ അനന്യൻ ആകുന്നു. നിന്റെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല .

നമ്മുടെ ദൈവം ഒരിക്കലും മാറാത്തവനാണ്. അവൻ ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യനാണ്.

യഹോവയെപ്പോലെതന്നെ അവന്റെ വായിൽ നിന്നു വരുന്ന വചനങ്ങളും എന്നേക്കും സ്ഥിരമായിരിക്കുന്നു.

പർവതങ്ങൾ മാറിപ്പോകും , കുന്നുകൾ നീങ്ങി പ്പോകും ;എങ്കിലും എന്റെ ദയ നിന്നെ വിട്ടു മാറുകയില്ല ;എന്റെ സമാധാന നിയമം മാറിപ്പോകുകയുമില്ല എന്ന് നിന്നോട് കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. (യെശയ്യാ :54 10 ). എത്രയോ ഉറപ്പു നൽകുന്ന ഒരു വചനമാണിത് !

ഈ ലോക ജീവിതയാത്രയിൽ സാഹചര്യങ്ങൾ മാറുമ്പോൾ, സമാധാന പരമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ പ്രതികൂലങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ഒരിക്കലും മറാത്ത നല്ല സഖിയായി എല്ലാകാലത്തും ആശ്രയിക്കാൻ യോഗ്യനായി എപ്പോളും നമ്മോടു കൂടെ ഇരിക്കാം എന്നരുളി ചെയ്തവനാണ് നമ്മുടെ ദൈവം . അവൻ നമ്മെ തന്റെ ഉള്ളം കൈയിൽ വരച്ചിരിക്കുന്നു.(യെശയ്യാ 49 :16 )

ചില സന്ദർഭങ്ങളിൽ നമ്മുടെ നിയന്ത്രണങ്ങൾക്കതീതമായി ജീവിത സാഹചര്യങ്ങൾ മാറാം . എന്നാൽ അപ്പോൾ ക്ഷീണിച്ചു തളർന്നു പോകാനല്ല ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നതു, പിന്നെയോ ഒരിക്കലും മാറാത്തവനായ നമ്മുടെ ദൈവത്തിന്റെ പൊന്നു കരങ്ങളിലേക്ക് നമ്മുടെ പ്രശ്നങ്ങളെ കൈമാറിയിട്ടു ഒന്ന് വിശ്രമിക്കുക . അവൻ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ ഏല്പിച്ചുകൊടുക്കുക . ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും ഇല്ല. എന്നാൽ ഇന്ന് നിന്റെ ജീവിതത്തിൽ ദൈവം ഒരു മാറ്റം അനുവദിച്ചു എങ്കിൽ , അത് ദൈവത്തിൽ കൂടുതൽ ആശ്രയിക്കാനുള്ള ഒരു മുഖാന്തിരമായി തീരട്ടെ.

ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു . അതുകൊണ്ട് ഭൂമി മാറിപ്പോയാലും , പർവതങ്ങൾ കുലുങ്ങി സമുദ്ര മദ്ധ്യേ വീണാലും , അതിലെ വെള്ളം ഇരച്ചു കലങ്ങിയാലും , അതിന്റെ കോപം കൊണ്ട് പർവതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല . (സങ്കീർത്തനം 46) അതെ പ്രിയ ദൈവ പൈതലേ , നമ്മുടെ ജീവിതത്തിൽ എത്ര അതികഠിനമായ പ്രതികൂലസാഹചര്യങ്ങൾ വന്നാലും ഒരിക്കലും മറാത്ത ദൈവം നമ്മുടെ മദ്ധ്യേ ഉള്ളതിനാൽ നാം ഭയപ്പെടേണ്ട ആവശ്യമില്ല.

പുല്ലുണങ്ങുന്നു , പൂ വാടുന്നു ; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിൽക്കും. (യെശയ്യ : 40 :8)

നമ്മുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായാലും ദൈവത്തിനു നമ്മെകുറിച്ചുള്ള പദ്ധതികൾക്ക് ഒരു മാറ്റവുമില്ലാത്തതിനാൽ നമുക്ക് ധൈര്യത്തോടെ അവന്റെ വചനത്തിൽ ആശ്രയിച്ചു ആശ്വാസം പ്രാപിക്കാം .


Featured Posts
Recent Posts
Archive
Search By Tags
No tags yet.
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
bottom of page